പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

ഞങ്ങളെപ്പറ്റി


ഗവ.എം.ആര്‍.എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട്


പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തീകവുമായ ഉന്നമനത്തിനു വേണ്ടിസര്‍ക്കാര്‍ കാലാകാലങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളെല്ലാം പൂര്‍ണ്ണമായ ലക്ഷ്യത്തിലെത്താറില്ല. സാമൂഹികവും സാമ്പത്തികവുമായ അവരുടെ അവശത, ഇടനിലക്കാരുടെ ചൂഷണം,അജ്ഞത,പദ്ധതി നിര്‍വ്വഹണത്തിലെ പങ്കാളിത്തമില്ലായ്മ എന്നിവയൊക്കെ ഇതിന് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ച് അവരുടെ ആശ്രിത മനോഭാവവും ജീവിത വീക്ഷണവും പരിഷ്കരിച്ച്,വികസന പദ്ധതികളിടെ ഗുണനഫലം ഈ വിഭാഗങ്ങള്‍ക്ക്കൂടി അനുഭവവേദ്യമാക്കേണ്ടത് നമ്മുടെ സാമൂഹ്യമായ ബാദ്ധ്യതയാണ്. വിദ്യാഭ്യാസ രംഗത്ത് മുടക്കുന്ന പണം കാലാതീതമായ ആസ്തിയാണ്. ഈ തിരിച്ചറിവിലാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുള്‍ തുടങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പബ്ലിക് സ്കൂള്‍ മാതൃകയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം സൗജന്യമായി നല്‍കുക എന്നതാണ് എം.ആര്‍.എസ് കൊണ്ട് ഉദ്ദേശിക്കന്നത്. 1992 ലാണ് സംസ്ഥാനത്ത് ആദ്യമായി 2 എം.ആര്‍.എസുകള്‍ തിരുവനന്തപുരത്തും വയനാട്ടിലും(നല്ലൂര്‍നാട്) ആരംഭിക്കുന്നത്. ഇപ്പോള്‍ സംസഥാനത്ത് 25 എം.ആര്‍.എസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇവയില്‍ 18 എണ്ണം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റ നിയന്ത്രണത്തിലും 7 എണ്ണം പട്ടിക ജാതി വികസന വകുപ്പിന്‍റ നിയന്ത്രണത്തിലുമാണ്. മലയാളം മാധ്യമത്തില്‍ സംസ്ഥാന സിലബസ് ആണ് എം.ആര്‍.എസ്സുകളില്‍ പിന്തുടരുന്നത്.

കാസര്‍ഗോഡ് എം.ആര്‍.എസ് 1998 ആഗസ്റ്റ് 22 മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഉദുമ അസംബ്ലി നിയോജകമണ്ഡലത്തിലെ കളനാട് എന്ന സ്ഥലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍ 20 പെണ്‍കുട്ടികളുമായി അഞ്ചാം ക്ലാസ്സ് ഒരു ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഉദുമ പഞ്ചായത്തിലെ പള്ളം എന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയുണ്ടായി. അതുനുശേഷം പത്താം ക്ലാസ്സ് എത്തിയപ്പോള്‍ കൂടുതല്‍ കെട്ടിട സൗകര്യം ആവശ്യമായി വരികയും ഉദുമ ബസാറില്‍ 3 കെട്ടിടങ്ങളിലായി താല്കാലിക സൗകര്യം കണ്ടെത്തുകയും ചെയ്തു. കളിസ്ഥലത്തിന്റെ പരിമിതി, വൃത്തിഹീനമായ ചുറ്റുപാടുകള്‍ ബഹളമയമായ അന്തരീക്ഷം തുടങ്ങിയ പരാധീനതകള്‍ക്കിടയില്‍ 1.6.2008 മുതല്‍ സര്‍ക്കാര്‍ വക സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ സ്വപ്നസദൃശ്യമായ ഒരു കലാലയ അന്തരീക്ഷത്തിലേക്ക് കുട്ടികള്‍ ചേക്കേറിയിരിക്കുകയാണ്.

Vമുതല്‍ XII വരെയുള്ള ക്ലാസ്സുകളില്‍ ഓരോന്നിലും 35 വീതം ആകെ 350 പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കിന്നുണ്ട്. 2005 വര്‍ഷത്തിലാണ് ഹയര്‍സെക്കണ്ടറി ആരംഭിച്ചത്. സയന്‍സ്,കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ 35 വിദ്യാര്‍ത്ഥിനികള്‍ വീതമുള്ള ഓരോ ബാച്ചാണ് ഉള്ളത്.

2003-04 വര്‍ഷത്തില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ചും 2006-07 ല്‍ ആദ്യത്തെ ഹയര്‍ സെക്കണ്ടറി കൊമേഴ്സ് ബാച്ചും പുറത്തിറങ്ങി. പരീക്ഷാഫലം വര്‍ഷാടിസ്ഥാനത്തില്‍ ചുവടെ ചേര്‍ക്കുന്നു.

എസ്.എസ്.എല്‍.സി.

വര്‍ഷം വിജയശതമാനം

2003-04 100%
2004-05 100%
2005-06 97%
2006-07 97%
2007-08 100%
2008-09 100%
2009-10 100%
2010-11 100%
2011-12 100%
2012-13 100%
2013-14 100%

നാലാം ക്ലാസ്സിലെ പഠന നിലവാരത്തില്‍ സംസ്ഥാനത്തില്‍ നടത്തുന്ന ലളിതമായ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ അഞ്ചാം ക്ലാസ്സിലേക്കാണ് എം.ആര്‍.എസില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ +1ന് പ്രത്യേകം അപേക്ഷിച്ച് പ്രവേശനം തേടണം വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ യില്‍ താഴെയുള്ള പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസ്സിലും 3 സീറ്റ് വീതം പട്ടികസമുദായക്കാരല്ലാത്ത പൊതുവിഭാഗങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടി സംവരണം ചെയ്തിട്ടുണ്ട്. വിവിധ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സാംസ്കാരികമായ കൂടിച്ചേരലിനും പഠനകാര്യങ്ങളില്‍ മത്സരമനോഭാവവും വളര്‍ത്താനാണ് ഇപ്രാകാരം ചെയ്യുന്നത്. പ്രവേശനം ലഭിക്കന്ന എല്ലാ വിഭാഗം കുട്ടികള്‍ക്കും സ്കൂളില്‍ ഒരേ പരിഗണനയും അവകാശവും ലഭിക്കുന്നുണ്ട്.

എം.ആര്‍.എസിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ഭക്ഷണം, താമസം, ചികിത്സ, യൂണിഫോറം, പുസ്തകങ്ങള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവയെല്ലാം തികച്ചും സൗജന്യമാണ്. ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് ഉദ്ദേശം 50,000/-ക വരെ സര്‍ക്കാര്‍ ഈയിനത്തില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് കൂടാതെ മെച്ചപ്പെട്ട ഭൗതീക സൗകര്യങ്ങളും ലഭ്യമാണ്. പദ്ധതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നഫണ്ടാണ് സ്കൂള്‍ നടത്തിപ്പിനുവേണ്ടി ചെലവഴിക്കുന്നത്.

പട്ടിക വര്‍ഗ്ഗവികസന വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത വിദ്യാഭ്യാസവകുപ്പ് എന്നിവയിലെ ജീവനക്കാര്‍ ഒന്നിച്ച് എം.ആര്‍.എസില്‍ ജോലി ച്ചെയ്യുന്നു. എല്ലാ വിഷയങ്ങള്‍ക്കും അദ്ധ്യാപകരുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ഒഴിവുവരുമ്പോള്‍ അതാത് സമയം ദിവസവേതനത്തില്‍ നിയമനം നടത്തുന്നുണ്ട്. വിഷയാദ്ധ്യാപകരെ കൂടാതെ സംഗീതം,കായീകം എന്നിവയ്ക്കും പ്രത്യേകം അദ്ധ്യാപകരുണ്ട്. അദ്ധ്യയന സമയത്തിന് മുമ്പും ശേഷവും എക്സ്ട്രാ ക്ലാസ്സുകള്‍ എടുത്ത് അതാത് വിഷയങ്ങളില്‍ കൂടുതല്‍ അറിവ് പകരുന്നുണ്ട്. അത്യാവശ്യം ജീവനക്കാര്‍ക്ക് താമസിക്കുവാന്‍ ക്വാര്‍ട്ടേര്‍സുകള്‍ പണിതിട്ടുണ്ട്.

പാഠ്യരംഗത്തെന്നപോലെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും എം.ആര്‍.എസിലെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നു. സ്കുള്‍ കലോത്സവം, കായികമേള, പ്രവൃത്തി പരിചയമേള, ശാസ്ത്രമേള എന്നിവയിലൊക്കെ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാരികൂട്ടുകയും ചെയ്തിട്ടുണ്ട്. യു.എസ്.എസ് നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കോളര്‍ഷിപ്പി, എന്‍.എം.എം.എസ് എന്നിവയും കുട്ടികള്‍ നേടിയിട്ടുണ്ട്. വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്ന ഉപന്യാസരചന, പ്രസംഗ മത്സരം, പ്രശ്നോത്തരി എന്നിവയിലും കുട്ടികള്‍ വിജയം നേടിയിട്ടിണ്ട്. ലൈബ്രറി, .ടി.പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകള്‍ എന്നിവയും ആവശ്യത്തിനു ലഭ്യമാണ്. പഠനയാത്രകളും സര്‍ക്കാര്‍ ചെലവില്‍ തന്നെ നടത്തുന്നു. വിവിധക്ലബുകള്‍ രൂപികരിച്ച് പുതിയ പാഠ്യപദ്ധ്യതിയനുസരിച്ച് പ്രവര്‍ത്തിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ പൊതുവെ നല്ല അച്ചടക്കമുള്ളവരും സല്‍സ്വഭാവികളുമാണ്. നല്ല ആരോഗ്യ ശീലങ്ങളും ശുചിത്വബോധവും വെച്ച് പലര്‍ത്തുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന ദളിത് പെണ്‍കുട്ടികളെയാണ് ഇപ്രകാരം തേച്ചുമിനുക്കി മുത്തുകളാക്കിയത്.

വിദ്യാര്‍ത്ഥിനികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്, നേതൃത്വ പരിശീലന ക്ലാസ്സ്,ബോധവല്‍ക്കരണ ക്ലസ്സ് എന്നിവ ഇടയ്ക്കിടെ നല്‍കാറുണ്ട്.

8 വര്‍ഷത്തോളം എല്ലാ സൗകര്യങ്ങളും അനുഭവിച്ചശേഷം അവരവരുടെ പഴയ ജീവിത സാഹചര്യങ്ങളിലേക്കുള്ള തിരിച്ച് പോക്ക് പലപ്പോഴും കുട്ടികളെ പ്രതികൂലമായി ബാധിക്കാറുണ്ട്. തുടര്‍ പ്രവര്‍ത്തനങ്ങളുടെ അഭാവം കരിയര്‍ ഗൈഡന്‍സുകളുടെ പരിമിതി തുടങ്ങിയവ "ശങ്കരന്‍ വീണ്ടും തെങ്ങില്‍ ത്തന്നെ"എന്ന അവസ്ഥയിലേക്കെത്തിക്കുന്നു തികച്ചും വേദനാജനകമായ അവസ്ഥാവിശേഷമാണിത്.

പഠനനിലവാരം ഇനിയും ഉയര്‍ത്തി എം ആര്‍ എസുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടപ്പം പൊതു സമൂഹത്തിന്റെ ഇടപെടലുകളും ധാര്‍മ്മികമായ പിന്തുണയും അത്യാവശ്യമാണ്.ജവഹര്‍ലാല്‍ നെഹ്രു അഭിപ്രായപ്പട്ടതുപോലെ ഒരു പെണ്‍കുട്ടിക്കുവിദ്യാഭ്യാസം നല്‍കുമ്പോള്‍ നാം ഭാവിയില്‍ ഒരു കുടുംബത്തിനെയാണ് വിദ്യാഭ്യാസം നല്‍കുന്നത്. വിദ്യയുടെ പ്രകാശമാനമായ ഒരു ലോകത്തേക്ക് ദരിദ്രരും പ്രതിഭാശാലികളുമായ വിദ്യാര്‍ത്ഥിനികളെ ആനയിക്കുന്ന മഹനീയ സംഭവമാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍.


No comments:

Post a Comment